Wednesday, April 4, 2007

ചാപ്പലും വൂള്‍മറും

ഒടുവില്‍ മാധ്യമങ്ങള്‍ക്കു വേണ്ട വാര്‍ത്ത തന്നെ അവരെ തേടിയെത്തി...ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകപദവി രാജിവെച്ചു.ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഒടുവില്‍ യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്തിയതിന്റെ ആശ്വാസം വാര്‍ത്ത ചാനലുകളിലെ കളിവിദഗ്ധരുടെ വാക്കുകളില്‍ പ്രകടമായിരുന്നു.ബോബ് വൂള്‍മര്‍ വിസ്മ്ര്തിയുടെ ആഴങ്ങളില്‍ പോയ് മറഞ്ഞു.ആ കൊലപാതകം ആരു ചെയ്തു എന്നതിനെ പറ്റി അറിയാന്‍ മനസ്സാക്ഷിയുള്ള കുറെ ക്രിക്കറ്റ് പ്രേമികള്‍ ഇവിടെ കാത്തിരിക്കുന്നു...എന്നാല്‍ ഇന്ത്യന്‍ കടലാസുദൈവങ്ങളുടെ കളിയോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്ത ചാപ്പലിന്റെ ബലികര്‍മം ആഘോഷിക്കാനാണു മാധ്യമങ്ങള്‍ തിരക്കു കൂട്ടിയത്.ചാപ്പല്‍ ഒരുപക്ഷെ ഇന്ത്യയില്‍ വരരുതായിരുന്നു.സ്റ്റീവ് വോയും മാര്‍ക്ക് വോയും വരെ എകദിനടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതാണ് ഓസ്ട്രേല്യന്‍ രീതി.വിഗ്രഹങ്ങള്‍ ഉടച്ചു വാര്‍ക്കാന്‍ കഴിയാത്തതാണു സ്പോര്‍ട്സില്‍ എന്നല്ല ഏത് മേഖല നോക്കിയാലും നമ്മുടെ പിന്നോക്കാവസ്ഥക്ക് കാരണം.അപ്പോള്‍ പിഴച്ചു പോയതു ചാപ്പലിന് തന്നെ.നായയുടെ വാല്‍ കുഴലില്‍ ഇടാന്‍ ശ്രമിച്ച കുറ്റത്തിന് നമുക്ക് ആ ഓസ്ട്രേലിയാക്കാരനെ പഴി പറയാം.ചാപ്പല്‍ യാത്രയാകുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്ത്യന്‍ കോച്ച് എന്ന “സ്വപ്നം” സാക്ഷാല്‍ക്കരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.നല്ലതോ ചീത്തയോ എന്നത് വേറെ ചോദ്യം..

മാസങ്ങള്‍ക്ക് ശേഷം....................ഒരു ബാംഗ്ലാദേശ് പര്യടനം,സച്ചിന്‍ ടെസ്റ്റിലും എകദിനത്തിലും കുറെ സെഞ്ച്വറികള്‍(പറ്റാവുന്നത്ര..)..ലോകകപ്പില്‍ തന്നെ പുറത്താക്കിയ അബ്ദുള്‍ റസാക്കിനെതിരെ സച്ചിന്റെ വീരോചിതപോരാട്ടം.ജനം എല്ലാം മറക്കും,ലോകകപ്പിലെ ദയനീയപരാജയം പോലും.15000-ഉം 20000-ഉം നമ്മള്‍ ആജ്തക്കിനും,എന്‍ ഡിടിവിക്കുമൊപ്പം ആഘോഷിക്കും.ധോണിയുടെ നീണ്ട മുടി വീന്ടും ചെറുപ്പക്കാരുടെ ഫാഷനാകും.വീണ്ടും നമ്മള്‍ പെപ്സിയും കോളയും കുടിക്കാന്‍ തുടങ്ങും,ജീവിതം സാധാരണഗതിയിലായെന്ന് പരസ്യവരുമാനം നോക്കി മാധ്യമങ്ങള്‍ വിലയിരുത്തും.

വൂള്‍മറിന്റെ മരണവും ചാപ്പലിന്റെ രാജിയും ഉയര്‍ത്തിയ ചോദ്യങ്ങള്‍ യഥാര്‍ത്ഥ കളിഭ്രാന്തനെ കൂടുതല്‍ ഭ്രാന്ത് പിടിപ്പിക്കും..അപ്പോളും....മാധ്യമങ്ങളും ഭരണകൂടവും 2011-ലെ അടുത്ത കുഞ്ഞാടിനെ കാത്തിരിക്കും..നേര്‍ച്ചക്കല്ലില്‍ ചോരയൊഴുക്കാന്‍.